ശിമ്യോനെക്കുറിച്ചുള്ള ഒരു പഠനം

Dr. Varghese John · 18 January 2026

ശിമ്യോനെക്കുറിച്ചുള്ള ഒരു പഠനം

മശിഹായെ കണ്ട് തൃപ്‌തനായ മനുഷ്യൻ (ലൂക്കോസ് 2:25–31)

“യെരൂശലേമിൽ ശിമോൻ എന്നു പേരുള്ളൊരു മനുഷ്യൻ ഉണ്ടായിരുന്നു; ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിനായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്റെ മേൽ ഉണ്ടായിരുന്നു.” - ലൂക്കോസ് 2: 25-31

"There was a man in Jerusalem whose name was Simeon, and this man was just and devout, waiting for the Consolation of Israel, and the Holy Spirit was upon him" - Luke 2:25-31 (NKJV)

പഴയ നിയമത്തിലെ മൽക്കീസേദെക്കിനെപ്പോലെ പെട്ടെന്ന് പ്രത്യക്ഷനായി, അതുപോലെ അപ്രത്യക്ഷനാകുകയും ചെയ്യുന്ന മനുഷ്യൻ. Simeon എന്ന പേരിന്റെ അർത്ഥം: “He has heard” / “God has heard my prayers”

ശിമ്യോന്റെ ജീവിതത്തിൽ നിന്ന് 5 പാഠങ്ങൾ

(5 Lessons from the Life of Simeon)

1. വക്രതയുള്ള തലമുറയിൽ നീതിമാനായ മനുഷ്യൻ (v 25)

A righteous man in a crooked generation.

“ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിനായി കാത്തിരിക്കുന്നവനും ആയിരുന്നു;” “ഈ മനുഷ്യൻ നീതിമാനും ഭക്തനുമായിരുന്നു...” (this man was just and devout) (Luke 2: 25).

ധാർമ്മികമായി ഇരുണ്ട ഒരു കാലഘട്ടത്തിലാണ് ശിമോൻ ജീവിച്ചിരുന്നത്. റോമൻ സാമ്രാജ്യത്തിന്റെ ഭരണത്തിൽ യിസ്രായേൽ വീർപ്പുമുട്ടി കഴിഞ്ഞ കാലം. പൗരോഹിത്യം ദുഷിച്ചിരുന്ന കാലം. കപട ഭക്തി അതിന്റെ ഉച്ചകോടിയിലെത്തിയ കാലഘട്ടം. ദൈവം 400 വർഷം നിശ്ശബ്ദത പാലിച്ച കാലം. എന്നിട്ടും ശിമോൻ നീതിമാനും ഭക്തനുമായിരുന്നു:

“എല്ലാവരും ദുഷിച്ചവരാണ്, അതുകൊണ്ട് ഞാൻ മാത്രം ഭക്തിയോടെ ജീവിച്ചതുകൊണ്ട് എന്താണ് പ്രയോജനം?” എന്ന് ശിമോൻ പറഞ്ഞില്ല; “ഞാൻ ഒറ്റയ്ക്ക് ജീവിച്ചാലും ഞാൻ ശരിയായി ജീവിക്കും” എന്ന് അദ്ദേഹം പറഞ്ഞു.

പ്രായോഗികം: സമർത്ഥന്മാരെയല്ല, വിശ്വസ്തരായ ആളുകളെയാണ് ദൈവം എപ്പോഴും അന്വേഷിക്കുന്നത്.

2. പ്രത്യാശ കൈവിടാതെ കാത്തിരുന്ന മനുഷ്യൻ (v 25)

“യിസ്രായേലിന്റെ ആശ്വാസത്തിനായി കാത്തിരിക്കുന്നവനും ആയിരുന്നു.”

യെശയ്യാവ് 40:1-ൽ വാഗ്ദാനം ചെയ്ത മശിഹായിലൂടെയുള്ള ആശ്വാസത്തിനായി ശിമോൻ കാത്തിരുന്നു. “എന്റെ ജനത്തെ ആശ്വസിപ്പിപ്പിൻ, ആശ്വസിപ്പിപ്പിൻ എന്ന് നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു”.

“കാത്തിരിപ്പ് സമയം പാഴാക്കലല്ല” (Waiting is not wasting of time).

കാത്തിരിപ്പ് ജീവിതത്തിലെ ഏറ്റവും കഠിനമായ അനുഭവങ്ങളിൽ ഒന്നാണ്. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ആശുപത്രികൾ തുടങ്ങി പല സ്ഥലങ്ങളിലും നാം കാത്തിരിക്കാറുണ്ട്. അതുപോലെ ജോലി, വിവാഹം, രോഗസൗഖ്യം എന്നിവയ്ക്കായി നാം പ്രാർത്ഥനയോടെ കാത്തിരിക്കാറുണ്ട്.

“വിശ്വാസം പരീക്ഷിക്കപ്പെടുന്ന ഇടമാണ് കാത്തിരിപ്പ് മുറികൾ” എന്ന് ആരോ പറഞ്ഞിട്ടുണ്ട്.

ലൂക്കോസ് 2-ൽ, തന്റെ ജീവിതകാലം മുഴുവൻ കാത്തിരുന്ന ഒരു മനുഷ്യനെ നാം കണ്ടുമുട്ടുന്നു. എന്തിനുവേണ്ടി? സമ്പത്തിനോ സ്ഥാനക്കയറ്റത്തിനോ അല്ല; മശിഹായ്ക്കുവേണ്ടി കാത്തിരുന്ന ഒരു മനുഷ്യൻ! അദ്ദേഹത്തിന്റെ പേര് ശിമോൻ എന്നായിരുന്നു.

കാലതാമസം കുറവായിരിക്കുമ്പോൾ കാത്തിരിപ്പ് എളുപ്പമാണ്. പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുമ്പോൾ കാത്തിരിപ്പ് ബുദ്ധിമുട്ടാണ്.


കാത്തിരിക്കുന്ന വിശ്വാസം ദൈവത്തിന്റെ കലണ്ടറിൽ വിശ്വസിക്കുന്ന വിശ്വാസമാണ്. Faith that waits is faith that trusts in God’s calendar.

പ്രായോഗികം: നിങ്ങൾ എന്തിനുവേണ്ടിയാണ് ഇന്ന് കാത്തിരിക്കുന്നത്? Remember, God’s delays are not God’s denials. “ദൈവത്തിന്റെ കാലതാമസം ദൈവത്തിന്റെ നിഷേധങ്ങളല്ല”.

3. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട മനുഷ്യൻ (v 25–27)

25 പരിശുദ്ധാത്മാവും അവന്റെ മേൽ ഉണ്ടായിരുന്നു. 26 കർത്താവിന്റെ ക്രിസ്‌തുവിനെ കാണുംമുമ്പെ മരണം കാണ്‌കയില്ല എന്ന് പരിശുദ്ധാത്മാവിനാൽ അവന് അരുളപ്പാട് ഉണ്ടായിരുന്നു. 27 അവൻ ആത്മനിയോഗത്താൽ ദൈവാലയത്തിൽ ചെന്നു.

പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയെക്കുറിച്ച് മൂന്ന് കാര്യങ്ങൾ പറയുന്നു:

  1. ആത്മാവ് അവന്റെ മേൽ ഉണ്ടായിരുന്നു - സാന്നിദ്ധ്യം (V. 25b)
  2. ആത്മാവ് ഒരു വാഗ്ദാനം വെളിപ്പെടുത്തി - ഉറപ്പ് (V. 26)
  3. ആത്മാവ് അവനെ ദൈവാലയത്തിലേക്ക് നയിച്ചു - നടത്തിപ്പ് (V. 27)

പല വിശ്വാസികളും, “കർത്താവേ, എന്നെ നയിക്കണമേ” എന്ന് പ്രാർത്ഥിക്കാറുണ്ട്. പക്ഷേ ദൈവശബ്ദം കേൾക്കാൻ വേണ്ടി കാത്തിരിക്കുന്നില്ല, കാതോർക്കുന്നില്ല. കാത്തിരിക്കാനും കേൾക്കാനും തയ്യാറുള്ളവരെ മാത്രമേ ആത്മാവ് നയിക്കയുള്ളൂ.

പ്രായോഗികം: ദൈവശബ്ദം കേൾക്കാനും ആത്മനിയോഗത്തിനുമായി കാത്തിരിക്കാൻ നാം തയ്യാറാണോ?

4. ശിശുവായ യേശുവിനെ തിരിച്ചറിഞ്ഞ മനുഷ്യൻ (v 28–32)

28 “അവൻ അവനെ ഏന്തി ദൈവത്തെ പുകഴ്ത്തി: 29 “ഇപ്പോൾ നാഥാ തിരുവചനം പോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയക്കുന്നു. 30 ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി 31 നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ 32 എന്റെ കണ്ണു കണ്ടുവല്ലോ" എന്നു പറഞ്ഞു.”

ശിമോൻ രക്ഷകനെ തിരിച്ചറിഞ്ഞത് എങ്ങനെ?

ദരിദ്രരായ മാതാപിതാക്കളുടെ കയ്യിൽ ഇരിക്കുന്ന ഒരു കുഞ്ഞ്. ഒരു പ്രഭാവലയവുമില്ല. ഒരു കിരീടവുമില്ല. കണ്ണുകൾക്ക് കാണാൻ കഴിയാത്തത് വിശ്വാസം കാണുന്നു. അദൃശ്യമായത് കാണാനുള്ള കഴിവാണ് വിശ്വാസം.

Faith is the ability to see the invisible. Heb. 11: 27:

“വിശ്വാസത്താൽ അവൻ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനിൽക്കയാൽ രാജാവിന്റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു.” “കാണുന്നു ഞാൻ വിശ്വാസത്താൽ എൻ മുമ്പിൽ ചെങ്കടൽ രണ്ടാകുന്നു.” (ഗാനം)

പലരും ലാളിത്യമല്ല, മഹത്വം പ്രതീക്ഷിച്ചതുകൊണ്ടാണ് യേശുവിനെ മിസ്സ് ചെയ്തത്.

പ്രായോഗികം: കർത്താവിനെ കണ്ടുമുട്ടുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം. കർത്താവുമായി ബന്ധപ്പെടാതെ ജീവിക്കുന്നതാണ് ഏറ്റവും വലിയ ദുരന്തം. ക്രിസ്തുവിനെ മിസ്സ് ചെയ്യരുത്.

5. ക്രിസ്തുവിനെ കണ്ടതിനാൽ, സംതൃപ്തിയോടെ മരിക്കാൻ തയ്യാറായ ഒരു മനുഷ്യൻ (v 29–30)

29 “ഇപ്പോൾ നാഥാ തിരുവചനം പോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയക്കുന്നു."

ശിമോൻ ക്രിസ്തുവിനെ കണ്ടതിനാൽ മരണത്തെ ഭയപ്പെട്ടില്ല. ഡ്വൈറ്റ് എൽ. മൂഡി മരണത്തോട് അടുക്കുമ്പോൾ പറഞ്ഞു, “ഇത് എന്റെ വിജയമാണ്, ഇതാണ് എന്റെ കിരീടധാരണ ദിനം”. (“This is my triumph; this is my coronation day.”)

ആരോ ഒരു ക്രിസ്ത്യാനിയോട് ഒരിക്കൽ ചോദിച്ചു, “നിനക്ക് മരിക്കാൻ പേടിയുണ്ടോ?”. അവൻ മറുപടി പറഞ്ഞു, “എന്റെ പിതാവ് എന്നെ കാത്തിരിക്കുമ്പോൾ വീട്ടിലേക്ക് പോകാൻ ഞാൻ ഭയപ്പെടുന്നത് എന്തിന്?".

പ്രായോഗികം: നിങ്ങൾക്ക് ക്രിസ്തുവിനെ അറിയാമെങ്കിൽ, മരണം ഒരു അവസാനമല്ല - അത് ഒരു വാതിലാണ്. അതൊരു പുതിയ ആരംഭമാണ്. ഇന്ന് നമ്മുടെ ഉത്തരവാദിത്വം എന്താണ്?. “അവനിൽ ഈ പ്രത്യാശയുള്ളവൻ എല്ലാം അവൻ നിർമ്മലനായിരിക്കുന്നതു പോലെ തന്നെത്തന്നെ നിർമ്മലീകരിക്കുന്നു”. (1 യോഹന്നാൻ 3: 3).